Wednesday, 14 August 2013

Freedom is not free " It never has been " It never will be!


( Statutory Warning: സരിതയുടേയും ശാലുമേനോന്റേയും ശരീരവർണനകളില്ലാത്ത കുറിപ്പാണു, പക്കാ ബോറായിരിക്കും വായിക്കുവാൻ. )



കടപ്പാട് - സായുധസ്വാതന്ത്ര്യസമരം 1857 മുതല്‍ നേതാജി വരെ )

പാഠപുസ്തകങ്ങളിൽ ഇടം പിടിക്കുവാൻ കഴിയാതെ ചരിത്രത്തിന്റെ താളുകളിൽ എവിടെയോ സ്വജീവിതം ബലിയർപ്പിച്ച അനേക ധീരദേശാഭിമാനികളുണ്ട് ... 

ചന്ദ്രശേഖർ ആസാദിന്റെ അവസാന നിമിഷങ്ങളിലൂടെ ..... 




 "കോണ്‍‌ഗ്രസ് ബ്രിട്ടീഷ്ഭരണവുമായി ഒത്തുതീര്‍പ്പിലെത്തുകയാണെങ്കില്‍‌ എന്നോടൊപ്പം‌ അതിര്‍ത്തിക്ക് പുറത്ത്പോവാന്‍‌ സന്നദ്ധയായ ഒരു സ്ത്രീയെ ഞാന്‍ വിവാഹം കഴിക്കും. ഇരുവരുടേയും ചുമലില്‍‌ ഓരോ തോക്കും, തിരകള്‍ നിറച്ച ഒരു സഞ്ചിയുമുണ്ടാവും. ഞങ്ങള്‍ ആപത്തില്‍‌ പെട്ടാല്‍‌ ഒന്ന് നിറച്ചവള്‍ എന്നെ ഏല്‍‌പ്പിക്കും. ഞാന്‍‌ഇടവിടാതെ വെടിവച്ചുകൊണ്ടിരിക്കും. അങ്ങനെയായിരിക്കും എന്റെ അവസാനം‌"

"അറസ്റ്റ് ചെയ്ത് ചങ്ങലക്കിട്ട കുരങ്ങന്മാരെപ്പോലെ തെരുവിലൂടെ വലിച്ചിഴക്കപ്പെടുന്നതിനു ഞാന്‍ ആഗ്രഹിക്കുന്നില്ല. എട്ട് തിരകള്‍ നിറച്ച തോക്കും എട്ട് അധികതിരകളും പോക്കറ്റിലിട്ടു നടക്കും‌. സമയം വരുമ്പോള്‍‌ ഉണ്ടകള്‍‌ ശത്രുക്കള്‍ക്ക് നേരെയും ഒടുവിലത്തേത് ഇവിടേക്കും(നെറ്റി ചൂണ്ടിക്കാണിച്ചുകൊണ്ട്) "

ആസാദിന്റെ മരണത്തെക്കുറിച്ചുള്ള സ്വപ്നങ്ങളെത്രെ തീവ്രമായിരുന്നു!!!

1931 Feb 27 നു ആസാദ് ആല്‍ഫ്രഡ് പാര്‍ക്കില്‍ വച്ച് സുഖദേവ് രാജുമായി സംസാരിച്ചുകൊണ്ടിരിക്കുന്നത് അറിഞ്ഞ ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ വധിക്കാനുള്ള പദ്ധതിയുമായി എത്തി,. കാക്കേരി സംഭവം മുതല്‍‌ തങ്ങളന്വേഷിച്ചു നടക്കുന്നയാളെ അപ്രതീക്ഷിതമായി കയ്യില്‍ കിട്ടിയതില്‍ പോലീസ് സന്തോഷം കൊണ്ട് മതിമറന്നു..അതുമാത്രമല്ല, സാണ്ടേഴ്സ് വധം, അസംബ്ലീ ബോംബ്, വൈസ്റോയിയുടെ തീവണ്ടി തകര്‍ക്കല്‍ എന്ന്‍ വേണ്ട ബോംബെ മുതല്‍‌ പഞ്ചാബ് വരെ എണ്ണമറ്റ ഒളിപ്പോരുകളുടെ സൂത്രധാരന്‍... വിപ്ലവവംശത്തിന്റെ ഉറവിടവും, സ്വാതന്ത്ര്യ സമരചേതനയുടെ മൂര്‍ത്തിമദ്ഭാവവും ആയ ആ മസ്തിഷ്കം‌ പോലീസിന്റെ പിടിയില്‍ നിന്നൊഴിഞ്ഞു മാറുന്നതില്‍‌ ഇനിയും വിജയിച്ചിരിക്കുകയായിരുന്നു. ഒരുനിമിഷം പോലും പാഴാക്കതെ പോലീസ് ഒരുക്കം തുടങ്ങി. ഒരു പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആല്‍ഫ്രഡ് പാര്‍ക്ക് വളയാന്‍ ഐ.ജി ഹോളിന്‍സ് ഉത്തരവ് നല്‍കി. അല്‍‌പ്പസമയത്തിനുള്ളില്‍‌ പാര്‍ക്കിലേക്കുള്ള വഴികളെല്ലാം അടക്കപ്പെട്ടു. അതിനുശേഷം സൂപ്രണ്ട് ആസാദിന്റെ അടുത്തേക്ക് ചെന്ന് കീഴടങ്ങാന്‍ വിളിച്ച് പറഞ്ഞു. ആപത്ത് മനസ്സിലാക്കിയ ആസാദ്സുഖ്ദേവിനോട് ഓടിക്കൊള്ളാന്‍ പറഞ്ഞു.


നിമിഷാര്‍ദ്ധത്തിനുള്ളില്‍ തോക്കെടുത്ത ആസാദ് സൂപ്രണ്ടിനെ വെടിവച്ചിട്ടു.അന്തിമസമരത്തിനു തയ്യാറെടുക്കാന്‍‌ അല്പ്പസമയം ലഭിച്ചപ്പോള്‍‌ രണ്ട് കയ്യിലും റിവോള്‍‌വറുമായി നിലയുറപ്പിച്ചു. മരങ്ങളുടെ മറവില്‍ നിന്ന് കൊണ്ട് വെടിയുതിര്‍ത്ത് കൊണ്ടിരിക്കുന്നവര്‍ക്കെതിരെ അദ്ദേഹം നിറയൊഴിച്ചു. എന്നാല്‍ നാലുപാടും ചീറിവന്ന ഉണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചു കയറി രക്തമൊലിച്ചു. ഇന്‍സ്പെക്ടര്‍‌ വിശ്വ്വേശര്‍ സിംഗ് ചെടികള്‍ക്ക് പിന്നില്‍ നിന്ന് തലപുറത്തേക്കിട്ട് ആസാദിനു നേരെ ഉന്നം പിടിച്ചു. പക്ഷെ കാഞ്ചി വലിക്കുന്നതിനു മുന്നെ ആസാദിന്റെ തോക്കില്‍ നിന്ന് പാഞ്ഞ വെടിയുണ്ട അദ്ദേഹത്തെ വീഴ്ത്തി. 

 
 അതായിരുന്നു ആസാദിന്റെ അവസാനത്തെ മനോഹരമായ വെടി എന്ന പിന്നീട് ഐ.ജി ഹോളിന്‍സ് പറഞ്ഞു. ചുറ്റുപാടും പാഞ്ഞു വന്നിരുന്ന വെടിയുണ്ടകള്‍‌ ശരീരത്തില്‍‌ തുളച്ചു കയറിക്കൊണ്ടിരിക്കുന്ന അവസരത്തില്‍‌ ആ വീരദേശാഭിമാനിക്ക് ഇത്രയും ശക്തി സമാഹരിക്കാന്‍ കഴിഞ്ഞുവെന്നത് അത്ഭുതമായിരുന്നു. മരണമുറപ്പായി എന്ന് ആസാദിനു മനസ്സിലായി. ബ്രിട്ടീഷുകാരുടെ കയ്യില്‍ പെടുന്നതിനേക്കാള്‍ സ്വന്തം കൈകൊണ്ട് തന്നെ മരിക്കുകയാണു നല്ലതെന്ന് പ്രതിജ്ഞയെടുത്തിരുന്ന ആ മനുഷ്യന്‍‌ തന്റെ കൈത്തോക്ക് ഒരു നിമിഷത്തെ ശങ്കയും‌ കൂടാതെ സ്വന്തം ചെന്നിയില്‍‌ ചേര്‍ത്ത് പിടിച്ചു. ആ മഹാനായകന്‍‌ സ്വാതന്ത്ര്യസമരഭൂമിയില്‍‌ ജീവന്‍ ബലിയര്‍പ്പിച്ചു. 


പ്രിയ ആസാദ്, ഈ ഭൂമിയിലെ കുഴിമണ്ണില്‍ താങ്കള്‍ ഉജ്ജ്വലമായ യുവത്വം പാഴാക്കി. വഞ്ചകന്മാരുടെ ഈ നാട്ടില്‍ എന്തിനു താങ്കള്‍ പിറന്നു? താങ്കളുടെ രാജ്യസ്നേഹവും‌, രാഷ്ട്രത്തിന്റെ ഭാഗധേയത്തെപറ്റിയുള്ള ഉജ്ജ്വലമായ വിശ്വാസവും‌, മഹത്തായ ബലിദാനവുമെല്ലാം‌ അവയുടെ അര്‍ത്ഥം പോലുമറിയാത്ത ജനങ്ങള്‍‌ നിഷ്ഫലമാക്കിക്കളഞ്ഞു. ഞങ്ങള്‍ക്കും വരുംതലമുറകള്‍ക്കും വേണ്ടിയാണങ്ങ് ജീവിതം സമര്‍പ്പിച്ചത്. ആ ജീവിതലക്ഷ്യം പൂര്‍ത്തീകരിച്ചതില്‍‌ താങ്കള്‍‌ സംതൃപ്തിയും ആശ്വാസവും കൊള്ളുന്നുണ്ടാവും , ഞങ്ങളോ?



പ്രിയ ആസാദ്,അങ്ങയുടെ രക്തത്താല്‍ ചുവന്ന സ്വാതന്ത്ര്യത്തിന്റെ ശീതളിമയില്‍‌ നിന്നുകൊണ്ട്, അങ്ങയുടെ ഓര്‍മ്മള്‍ക്ക് മുന്നില്‍ ഒരു സാധാരണക്കാരന്റെ അഞ്ജലിപൂര്‍‌വ്വമായ പ്രണാമം‌..

വന്ദേമാതരം‌ 

പ്രവീണ്‍ 



No comments:

Post a Comment