തൊണ്ണൂറുകളുടെ അവസാനം കേരള രാഷ്ട്രിയത്തെ അകെ പിടിച്ചു കുലുക്കിയ ഐ.എസ്.ആര്‍. ഒ. ചാരക്കേസ് ആരും മറന്നിട്ടുണ്ടാകുകയില്ല ,മലയാളത്തിന്റെ മഞ്ഞപത്രം എന്ന് വിശേഷിപ്പികാവുന്ന ഒരു പത്രവും , സ്വന്തം താല്പര്യം സംരക്ഷിക്കാൻ വേണ്ടി ചില പോലിസ് ഉദ്യോഗസ്ഥരും ചേർന്ന് ചില രാഷ്ട്രിയ ദുഷ്പ്രഭുക്കൻമാരുടെ മൗനാനുവാദത്തോടെ നടത്തിയ ഈ നാടകത്തിൽ നഷ്ട്ടപെട്ടത് നാടിന്റെ യെശസായി മാറികൊണ്ടിരുന്ന ഒരു സ്ഥാപനത്തിന്റെ പേരും ,ഭാരതത്തെ നവയുഗത്തിലെക്കു കൈപിടിച്ചു ഉയർത്തേണ്ടിയിരുന്ന ഒരുകൂട്ടം ശാസ്ത്രജ്ഞൻമാരുടെ ആത്മഭിമാനവും ആണ്, മാത്രമല്ല ഐ.എസ്.ആര്‍. ഒ എന്നാ ഗവേക്ഷണ സ്ഥാപനത്തെത്തിന്റെ കുതിപ്പിനെ പത്തുവർഷം പിന്നിലേക്ക് തള്ളി എന്നതും പരസ്യമായ രഹസ്യം..കേസ് വെറും കെട്ടുകഥ ആണ് എന്ന് സി.ബി.ഐ തെളിയിച്ചിട്ടും ,സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു .
വർഷങ്ങൾക്കുശേഷം ഒരു സത്രീ കേന്ദ്രകഥാപാത്രമായി കേരളരാഷ്ട്രിയത്തെ ആകെ പിടിച്ചു കുലുക്കി തെരുവ് യുദ്ധത്തിന്റെ വക്കോളം എത്തിനിൽക്കുന സോളാര്‍ ഇടപാട്, അന്ന് തിരശ്ശീലക്ക് പിന്നിൽ ചരട് വലിച്ചവർ ഇന്ന് സ്വയരക്ഷക്ക് വേണ്ടി വാചക കസർത്ത് നടത്തുന്നു. പൊടിപ്പും തൊങ്ങലും വെച്ച് കഥകൾ മെനഞ്ഞു സർകുലെഷൻ കുട്ടിയ പത്രം അന്ന് ആര്ക്ക് വേണ്ടി കഥ മെനഞ്ഞൊ അവരെ രക്ഷിക്കാൻ വേണ്ടി പേന ചലിപ്പിക്കുന്നു .അന്ന് കെ.കരുണാകരന്റെ രക്തത്തിന് വേണ്ടി മുറവിളി കുട്ടിയവർ ഇന്ന് സ്വന്തം കസേര രക്ഷിക്കാൻ ഉള്ള തത്രപ്പാടിൽ.. .സോളാര്‍ തട്ടിപ്പ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അടക്കമുള്ളവർ അറസ്റ്റിൽ ആയപ്പോളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തല്‍സ്ഥാനതു തന്നെ.. .അന്ന് ചാരക്കേസ് എന്താണെന്ന് മനസ്സിലായിട്ടില്ലെന്ന് പറഞ്ഞ പി.വി.നരസിംഹറാവു ഒരാഴ്ചയ്ക്കുള്ളില്‍ കരുണാകരനോട് രാജി ആവശ്യപ്പെടുകയായിരുന്നു.മാത്രമല്ല ചാരക്കസുമായി ബന്ധപ്പെട്ട് കെ.കരുണാകരനെതിരെ ഉണ്ടായ നാല് കേസുകള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌വഴക്കിന്റെ ഭാഗമായി ഉണ്ടായതാണ് എന്ന് അദ്ധേഹത്തിന്റെ മകൻ കെ മുരളീധരന്‍ ഒരിക്കൽ പറഞ്ഞിരുന്നു .
കെട്ടുകഥകളാല്‍ കെട്ടിപ്പൊക്കിയ കുപ്രസിദ്ധമായ ചാരക്കേസിന്റെ കഥ ഈ അടുത്ത് മാതൃഭുമി ദിനപത്രം പ്രസ്‌ദ്ധികരിച്ചിരുന്നു, വായിക്കത്താവർക്കായി
1996 ലെ ഒരു ദിനം:
''ഒരു കൈ ചെയ്യുന്നതെന്താ മറുകൈ അറിയുന്നില്ലേ?'', സുപ്രീംകോടതിയില്‍ ഇങ്ങനെയൊരു ചോദ്യം മുഴങ്ങി. ''നിങ്ങള്‍ക്കറിയില്ലെങ്കില്‍ ഇതാ, ആ സമ്മതപത്രം,'' സര്‍ക്കാര്‍ അഭിഭാഷകനെ കാണിച്ച് കോടതി ഒരു രേഖ ഉയര്‍ത്തിക്കാട്ടി.
അവിടെ ഒരു വാസ്തവത്തിലേക്കുള്ള വഴി തുറക്കുകയായിരുന്നു. കേരളം കൊട്ടിഗ്‌ഘോഷിച്ച ചാരക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന സത്യം പുറത്തുവരാന്‍ വഴിത്തിരിവായ നിമിഷം. കോടതിമുറിയിലുണ്ടായിരുന്ന ഒരു മലയാളി ഉദ്യോഗസ്ഥനായിരുന്നു വാസ്തവത്തിന്റെ വാതില്‍ തുറക്കുന്ന താക്കോലാവാന്‍ നിയോഗം.
വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹമത് വെളിപ്പെടുത്തുകയാണ്. നെയ്യാറ്റിന്‍കരക്കാരന്‍ പുരുഷോത്തമന്‍ മധുസൂദനന്‍ നായര്‍ അഥവാ പി.എം.നായര്‍. ഇന്ത്യയെത്തന്നെ ഇളക്കിമറിച്ച ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ സത്യം പുറത്തുകൊണ്ടുവന്ന സി.ബി.ഐ. ഉദ്യോഗസ്ഥന്‍. മാധ്യമങ്ങളിലൂടെ കണക്കിലേറെ അപമാനിക്കപ്പെട്ട നമ്പി നാരായണന്‍ എന്ന ശാസ്ത്രപ്രതിഭയ്ക്ക് പുതുജീവനും ജീവിതവും വെച്ചുനീട്ടാന്‍ നിമിത്തമായ മലയാളി.
ബിഹാര്‍ കേഡറിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരിക്കേ സി.ബി.ഐ.യില്‍ ഡി.ഐ.ജി.യായി ഡെപ്യൂട്ടേഷനിലെത്തിയപ്പോഴാണ് ചാരക്കേസിന്റെ അന്വേഷണച്ചുമതല എന്റെ കൈകളിലെത്തുന്നത്. ചാരക്കേസ് ഏല്‍പ്പിക്കുകയാണെന്നറിഞ്ഞപ്പോള്‍ത്തന്നെ ഞാന്‍ തിരുവനന്തപുരത്തെത്തി. കേസന്വേഷണം നടക്കുന്ന വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഒരു പത്രപ്രവര്‍ത്തകന്റെ വേഷത്തില്‍ കറങ്ങി നടന്നു. കേസിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കുകയും നേരിട്ടുള്ള വിവരശേഖരണവുമായിരുന്നു ഉദ്ദേശ്യം. കേസില്‍ പോലീസിനുള്ള അമിതതാത്പര്യം അങ്ങനെയാണ് മനസ്സിലാക്കാനായത്.
അന്ന് ഞാന്‍ അറിഞ്ഞ കഥയുടെ ചുരുക്കം ഇതാണ്: മാലിക്കാരി മറിയം റഷീദ തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ച് ബാംഗ്ലൂരിലെ വ്യവസായി കെ.ചന്ദ്രശേഖരനെ പരിചയപ്പെടുന്നു. ഫൗസിയ ഹസ്സന്‍ എന്ന മറ്റൊരു മാലിക്കാരിയുടെ മകള്‍ക്ക് ബാംഗ്ലൂര്‍ ബാല്‍ഡ്വിന്‍ സ്‌കൂളില്‍ അഡ്മിഷന്‍ ശരിയാക്കാനും ഈ ചന്ദ്രശേഖര്‍ സഹായിച്ചിരുന്നു. ഇതിനിടെ തിരുവനന്തപുരത്തുവന്ന മറിയം റഷീദ ചികിത്സാസഹായത്തിനായി ചന്ദ്രശേഖര്‍ വഴി ഐ.എസ്. ആര്‍.ഒ.യിലെ ഉദ്യോഗസ്ഥനായ ഡി.ശശികുമാറിനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടറായിരുന്നു. 90 ദിവസത്തെ വിസയിലായിരുന്നു മറിയം റഷീദ. കാലാവധി തീരുന്ന അവസാന നാളുകളില്‍ കേരളത്തില്‍ ബന്ദായിരുന്നതിനാല്‍ റഷീദയുടെ വിമാനയാത്ര നടന്നില്ല. താത്കാലികവിസയ്ക്കു വേണ്ടി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ അവര്‍ക്ക് രണ്ടു ദിവസം വട്ടം ചുറ്റേണ്ടിവന്നു. ഇതിനിടയില്‍ അവരുമായി ഒരു ഇന്‍സ്‌പെക്ടര്‍ രഹസ്യബന്ധവും സ്ഥാപിച്ചു.
മറിയം റഷീദ സ്റ്റേഷനില്‍ ചുറ്റിത്തിരിയുന്നത് ഒരു പത്രപ്രവര്‍ത്തകന്‍ ശ്രദ്ധിച്ചിരുന്നു. ഈ വിദേശവനിതയുടെ വാര്‍ത്തയും പടവും പിറ്റേദിവസം നല്‍കുന്നുണ്ടെന്ന് അയാള്‍ രാത്രി ഇതേ ഇന്‍സ്‌പെക്ടറെ വിളിച്ചറിയിച്ചു. ഇതോടെ, മറിയം റഷീദയുമായുള്ള തന്റെ ബന്ധം പുറത്തറിയുമോയെന്ന് ആ പോലീസുകാരന്‍ ഭയന്നു. അപ്പോഴേക്കും റഷീദയുടെ വിസാകാലാവധി തീര്‍ന്നതിനാല്‍ അതിന്റെ പേരില്‍ അറസ്റ്റു ചെയ്യാന്‍ ഇന്‍സ്‌പെക്ടര്‍ തന്ത്രം മെനഞ്ഞു. കേസു രജിസ്റ്റര്‍ ചെയ്യാന്‍ അയാള്‍ പോലീസ് കമ്മീഷണറുടെ അനുമതി തേടി. സോണല്‍ ഐ.ജി.യായിരുന്ന രമണ്‍ ശ്രീവാസ്തവയെയും വിവരമറിയിച്ചു.
പിറ്റേ ദിവസം മുതല്‍ സംഭവങ്ങളുടെ ഗതി മാറി. സ്വാഹിലി ഭാഷയിലുള്ള സംഭാഷണം രേഖപ്പെടുത്തിയ റഷീദയുടെ ഡയറിയും അവരെക്കാണാന്‍ ഹോട്ടലിലെത്തിയവരുടെ പേരുവിവരങ്ങളും വിളിച്ച ഫോണ്‍ നമ്പറുകളുമൊക്കെ പോലീസ് പരതിപ്പിടിച്ചു. ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രജ്ഞന് റഷീദയുമായി സൗഹൃദമുള്ള വിവരം ലഭിച്ചതോടെ ചാരക്കഥ പിറക്കുകയായി. ശശികുമാര്‍ അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിന്റെ വകുപ്പുമേധാവിയായ നമ്പി നാരായണനെയും പിടികൂടി.
റഷീദയ്ക്ക് വിസ കിട്ടാന്‍ ചന്ദ്രശേഖര്‍ ബാംഗ്ലൂരിലെ ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചിരുന്നു. അദ്ദേഹം സുഹൃത്തായിരുന്ന രമണ്‍ ശ്രീവാസ്തവയെ വിളിച്ചു. അദ്ദേഹം വിസയെക്കുറിച്ചു ചോദിക്കാന്‍ കമ്മീഷണറെയും ഇന്‍സ്‌പെക്ടറെയും വിളിച്ചു. ഇതിന്റെ പേരില്‍ ശ്രീവാസ്തവയെ കുടുക്കി. വിശ്വസ്തനായ ഐ.ജി. ചാരക്കേസില്‍പ്പെട്ടതോടെ കെ.കരുണാകരന്റെ പേരും വലിച്ചിഴയ്ക്കപ്പെട്ടു. പോലീസ് പടച്ചുവിട്ട പൊടിപ്പും തൊങ്ങലും മാധ്യമങ്ങള്‍ വിളമ്പിയതോടെ ചാരക്കഥ കേരളത്തിലെ ആഘോഷമായി.-ഇതാണ് ചാരവൃത്തിക്കേസില്‍ സി.ബി.ഐ. കണ്ടെത്തിയ വാസ്തവങ്ങളുടെ രത്‌നച്ചുരുക്കം.
എന്നാല്‍, സുപ്രീംകോടതി ചോദിച്ചതു പോലെ കേന്ദ്രസര്‍ക്കാറിന്റെ ഒരു കൈ ചെയ്തത് മറുകൈ അറിഞ്ഞിരുന്നില്ലെന്നതാണ് സത്യം. ചാരക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് വ്യക്തമാക്കി സി.ബി.ഐ. സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ട് കേരള ഹൈക്കോടതി തള്ളി. സി.ബി.ഐ.ക്കെതിരെ അന്ന് ഹൈക്കോടതി രോഷം കൊണ്ടു. പ്രതികള്‍ക്ക് സി.ബി.ഐ. കൂട്ടുനിന്നുവെന്ന് രൂക്ഷവിമര്‍ശവുമുണ്ടായി.
കേസില്‍ സി.ബി.ഐ. അപമാനിക്കപ്പെട്ടതുപോലെ തോന്നിയ എനിക്ക് അത് താങ്ങാനായില്ല. സി.ബി.ഐ. ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ചാലോ എന്നുവരെ ചിന്തിച്ച ദിനരാത്രങ്ങള്‍.വാസ്തവം തെളിയണമെങ്കില്‍ ഇനി സുപ്രീംകോടതി കനിയണം. അതിന് ഹൈക്കോടതിവിധിക്കെതിരെ സി.ബി.ഐ ഹര്‍ജി നല്‍കണം.
ഐക്യമുന്നണിസര്‍ക്കാറിനായിരുന്നു അന്ന് കേന്ദ്രഭരണം. സി.പി.ഐ. നേതാവ് ഇന്ദ്രജിത് ഗുപ്തയാണ് ആഭ്യന്തരമന്ത്രി. സുപ്രീംകോടതിയില്‍ സി.ബി.ഐ. ഹര്‍ജി നല്‍കേണ്ടെന്ന് അദ്ദേഹം ഉറച്ച നിലപാടെടുത്തതോടെ കാര്യങ്ങള്‍ കുഴഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ സി.ബി.ഐ. കുഴങ്ങി. 90 ദിവസമാണ് ഹര്‍ജി നല്‍കാനുള്ള സമയപരിധി. 85 ദിവസവും കേന്ദ്രാനുമതി കിട്ടിയില്ല. ഒടുവില്‍, ഒരു വഴി തെളിഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന്റെയല്ല, പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ കീഴിലാണ് സി.ബി.ഐ. എന്ന അറിവ് കച്ചിത്തുരുമ്പായി.
തമിഴ് മാനിലാ കോണ്‍ഗ്രസ്സിലെ ബാലസുബ്രഹ്മണ്യനായിരുന്നു അന്നത്തെ പേഴ്‌സണല്‍ വകുപ്പു മന്ത്രി. തന്ത്രപരമായി അദ്ദേഹത്തെ സമീപിച്ചു. നിയമവിദഗ്ധന്‍ കൂടിയായ മന്ത്രിക്ക് കാര്യങ്ങളുടെ കിടപ്പു പിടികിട്ടി. സത്യം പുറത്തു കൊണ്ടുവരാനും സി.ബി.ഐ.യുടെ മുഖം രക്ഷിക്കാനുമുള്ള ശ്രമത്തെ അദ്ദേഹം പിന്തുണച്ചു. അനുമതി ലഭിച്ചയുടന്‍ ഞാന്‍ സി.ബി.ഐ.യ്ക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.
ഈ നീക്കം ആഭ്യന്തരമന്ത്രാലയം അറിഞ്ഞില്ല. അതുകൊണ്ടുതന്നെ ഹര്‍ജിക്ക് കേന്ദ്രസര്‍ക്കാറിന്റെ അനുമതിയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. അപ്പോഴായിരുന്നു ഒരു കൈ ചെയ്യുന്നത് മറുകൈ അറിയുന്നില്ലേയെന്ന കോടതിയുടെ ചോദ്യം വന്നത്- പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ അനുമതിപ്പത്രം കോടതി എടുത്തു കാട്ടിയത്.
പിന്നീട്, സി.ബി.ഐ. റിപ്പോര്‍ട്ട് അംഗീകരിച്ച്, നമ്പി നാരായണനും രമണ്‍ ശ്രീവാസ്തവയുമടക്കമുള്ളവര്‍ നിരപരാധികളാണെന്ന് 1998-ല്‍ സുപ്രീംകോടതി ഉത്തരവായി. കേസില്‍ സി.ബി.ഐ.യെ ഒഴിവാക്കി പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറാനുള്ള ഇടതുസര്‍ക്കാറിന്റെ ഉത്തരവിനെ സുപ്രീംകോടതി വിമര്‍ശിക്കുകയും അതു റദ്ദാക്കുകയും ചെയ്തു. ചാരക്കേസിലെ വഴിത്തിരിവായിരുന്നു ആഭ്യന്തരമന്ത്രാലയത്തെ മറികടന്നുള്ള സി.ബി.ഐ. നീക്കം. ഇല്ലെങ്കില്‍, രാഷ്ട്രീയസമ്മര്‍ദത്തില്‍പ്പെട്ട് കേസ് വഴിമാറുമായിരുന്നു.
പോലീസ് തിരക്കഥയിലുള്ള കേസില്‍ അപ്പോഴേക്കും ഒരുപാടു ജീവിതങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു. പോലീസ് വിചാരിച്ചാല്‍ ആരെയും നശിപ്പിക്കാമെന്നും ജയിലിലയയ്ക്കാമെന്നും ചാരക്കേസ് തെളിയിച്ചു.
No comments:
Post a Comment